2026 നവംബർ 8, ഞായറാഴ്‌ച

m

ദേവൂമ്മേ... എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്? എല്ലാവരും അവിടെ ഭക്ഷണം കഴിക്കുകയാണ്. നിങ്ങളെന്താ പോയില്ലേ? വരൂ... ബെല്ലടിച്ചത് കേട്ടില്ലേ?”

വൃദ്ധസദനത്തിലെ സഹായി പെൺകുട്ടിയുടെ ചോദ്യം ദേവുവിനെ ഓർമകളുടെ ലോകത്തുനിന്ന് തട്ടിയുണർത്തി.

“ഇന്ന് എനിക്ക് അത്ര വിശപ്പില്ല മോളേ...” അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“അത് പറ്റില്ല. ദേവൂമ്മ വന്നേ മതിയാകൂ. മരുന്ന് കഴിക്കുമ്പോൾ ഭക്ഷണം വയറ്റിൽ ചെല്ലേണ്ടതല്ലേ?”

“ശരിയാണ് മോളേ. പക്ഷേ ഇന്ന് എനിക്കൊന്നിനും ഒരു താൽപ്പര്യവുമില്ല. മോൾ പൊയ്ക്കോ, അമ്മ വന്നോളാം.”

“അത് പറ്റില്ല.”

അവൾ ദേവുവിന്റെ കൈപിടിച്ച് നിർബന്ധപൂർവം ഭക്ഷണമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണമേശയ്ക്കരികിലെ ബെഞ്ചിൽ പിടിച്ചിരുത്തുകയും ചെയ്തു. ഇനി എന്തു പറഞ്ഞാലും അവൾ വിട്ടുകൊടുക്കില്ലെന്ന് ദേവുവിന് അറിയാമായിരുന്നു.

എല്ലാവരും ഭക്ഷണം കഴിച്ചു പകുതിയായിരുന്നു. ഇന്ന് ചപ്പാത്തിയാണ്. വേണ്ടവർക്ക് ചപ്പാത്തി നൽകുന്നതാണ് അവിടുത്തെ പതിവ്. ദേവുവിന് അത്ര ഇഷ്ടമുള്ള ഭക്ഷണമല്ല ചപ്പാത്തി. എങ്കിലും ഒരെണ്ണമെടുത്ത് കറിയിൽ മുക്കി ഒരുകഷണം കടിച്ചു.

കണ്ണിൽനിന്ന് ഉതിർന്നുവീണ കണ്ണുനീർത്തുള്ളികൾ അതിനെ നനച്ചുവോ? ഒരു കഷണം പോലും തൊണ്ടയിലൂടെ ഇറങ്ങുന്നില്ലല്ലോ, ഭഗവാനേ! ആരോ തൊണ്ടയിൽ പിടിച്ചുവെച്ചതുപോലെ. അതെങ്ങനെയാണ് ഇറങ്ങുക?

ഒരിക്കൽപ്പോലും വിഷ്ണുവിന്റെ പിറന്നാളിന് അവന് ഭക്ഷണം കൊടുക്കാതെ താൻ ഒന്നും കഴിച്ചിട്ടില്ലല്ലോ. ഇന്നവന്റെ മുപ്പതാം പിറന്നാളല്ലേ? അവനും അച്ഛനും ഭക്ഷണം കഴിച്ചതിനുശേഷം മാത്രം കഴിക്കുന്ന പതിവായിരുന്നല്ലോ തനിക്ക്.

“എടോ ദേവ്, ഇവിടെ ഇരിക്കെടോ...”

താൻ മാറിനിന്നാലും അരികിൽ ചേർത്തിരുത്തിയാലേ ഏട്ടന് തൃപ്തിയാകൂ. അതൊരു പഴയ പതിവായിരുന്നു.

“അമ്മയൊക്കെ മരിച്ചില്ലേ? ദേവ്, ഇനി നീയാരെയാണ് പേടിക്കുന്നത്?”

എന്നും തന്നോട് ചോദിക്കുമായിരുന്നു. തന്റെ ജീവനുതന്നെ ജീവനായിരുന്നു അദ്ദേഹം.

“എന്നാലും വേണ്ട ഏട്ടാ... ദേവുവിന് ഇതാണ് ഇഷ്ടം.”

“അതല്ലേ പതിവ്? ഇനി അതൊന്നും മാറ്റണ്ട. നീയിങ്ങനെ തന്നെ ഇരുന്നാൽ മതി.”

അങ്ങനെ പറഞ്ഞ് താൻ ഒഴിഞ്ഞുമാറും.

അതായിരുന്നു തന്റെ ജീവിതം. അസൂയ തോന്നിപ്പിക്കുന്നത്ര സന്തോഷം നിറഞ്ഞ നാളുകൾ!

ഏട്ടന്റെ ജീവിതത്തിലേക്ക് കാൻസർ എന്ന മഹാവിപത്ത് കടന്നുവന്നപ്പോൾ ഇത്രവേഗം ആ ജീവനെ തന്നിൽനിന്ന് എന്നെന്നേക്കുമായി വേർപെടുത്താനുള്ള കാലന്റെ സൂത്രമായിരിക്കും അതെന്ന് താൻ കരുതിയിരുന്നില്ല.

അവസാനമായി യാത്ര പറഞ്ഞപ്പോൾ താൻ കരഞ്ഞില്ല. ഒരുതരം മരവിപ്പായിരുന്നു. ലോകത്തോടുതന്നെ വെറുപ്പ് തോന്നിയ നിമിഷങ്ങൾ. പിന്നീടുള്ള ഏക ലക്ഷ്യം മോനെ വളർത്തണം, അവനെ പഠിപ്പിക്കണം എന്നതുമാത്രമായിരുന്നു.

വിഷ്ണു പഠിക്കാൻ മിടുക്കനായിരുന്നു. അച്ഛന്റെ വഴിതന്നെ അവനും തിരഞ്ഞെടുത്തു. അച്ഛന്റെ ആഗ്രഹംപോലെ അവനെ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചപ്പോഴും അവനെയും ഇത്രവേഗം തന്നിൽനിന്ന് വിധി അടർത്തിയെടുക്കുമെന്ന് താൻ കരുതിയിരുന്നില്ല.

മറ്റൊരു യാഥാർഥ്യംകൂടി സ്വീകരിക്കേണ്ടിവന്നു. അവന്റെ വിവാഹം വിദേശത്തുവെച്ച് കൂട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തിയെന്നറിഞ്ഞപ്പോഴും മനസ്സിൽ ചെറിയൊരു വിഷമം തോന്നിയിരുന്നു. നാട്ടിൻപുറത്തുകാരിയായ തന്റെ എതിർപ്പ് അവൻ പ്രതീക്ഷിച്ചിരുന്നിരിക്കണം.

“അമ്മ മാത്രമേയുള്ളൂ. പഠനം കഴിഞ്ഞ് ഞാൻ വേഗം തിരിച്ചുവരും,” എന്നായിരുന്നു അവന്റെ ഉറപ്പ്.

“നിന്റെ മദാമ്മക്കുട്ടിയെയും കൂട്ടി വേഗം വരൂ. അമ്മയ്ക്ക് കാണാൻ തിടുക്കമായി,” എന്ന് മറുപടി എഴുതി.

അവൻ അധികം വൈകാതെ അവളെയും കൂട്ടി അമ്മയുടെ അടുത്തേക്ക് പറന്നെത്തി.

എന്തൊരു ചേലായിരുന്നു ആ കുട്ടിക്ക്! നീലക്കണ്ണുകളും വെളുത്ത നിറവും. അവളെ നോക്കിയിരുന്നുപോയ സന്ദർഭങ്ങൾ എത്രയോ! തന്നെ കണ്ടപ്പോൾ അവൾക്കും വലിയ സന്തോഷം.

“Your mom is extremely beautiful!”

എന്നവൾ വിഷ്ണുവിനോട് പറയുന്നത് കേട്ടപ്പോൾ അതിന്റെ അർത്ഥമെന്താണെന്ന് താൻ ചോദിച്ചു.

“അമ്മേ, അവൾക്ക് അമ്മയെ ഒരുപാട് ഇഷ്ടമായെന്നാ പറഞ്ഞത്,” എന്ന് വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.

“അല്ലേ കാത്തൂ?”

അവളെ അവൻ വിളിക്കുന്നത് അങ്ങനെയാണ്. കെയ്ത്തി ആഗ്നസ് മാർക്ക് എന്ന അവളുടെ പേരിന് വിഷ്ണു നൽകിയ പുതിയ പേരായിരുന്നു കാത്തൂ.

അതും പറഞ്ഞ് അവൻ ചിരിച്ചു.

“അതെങ്ങനെ വിഷ്ണൂ? ഈ നാട്ടിൻപുറത്തുകാരിയായ അമ്മയെ ആ കുട്ടിക്ക് എങ്ങനെ ഇഷ്ടപ്പെടാനാണ്?”

മനസ്സിൽ അങ്ങനെ ചിന്തിച്ചെങ്കിലും സ്വയം സമാധാനിച്ചു.

വിഷ്ണുവിന്റെ ആചാരപ്രകാരം അമ്പലത്തിൽവെച്ച് ഒരിക്കൽക്കൂടി താലികെട്ടണമെന്ന് അവൾ നിർബന്ധം പിടിച്ചപ്പോൾ താനുമൊന്ന് അതിശയിച്ചുപോയി. അവൾക്ക് അത്രയേറെ താൽപ്പര്യം! നാട്ടിൽപ്പോലും ഇങ്ങനെയുള്ള കുട്ടികളെ കാണാൻ കിട്ടുമോ എന്നറിയില്ല. എന്റെ കുട്ടി ഭാഗ്യവാൻതന്നെ! മനസ്സിൽ ചെറിയൊരു അഹങ്കാരവും നുരഞ്ഞുപൊങ്ങി.

അവന്റെ ലീവ് കഴിയല്ലേ എന്ന് മനസ്സിൽ പ്രാർഥിച്ചു.

“ഇല്ലമ്മേ, ഞാൻ അധികകാലം അവിടെ തങ്ങില്ല. കുറച്ചുമാസങ്ങൾക്കകം തിരിച്ചുവരും. അപ്പോഴേക്കും അമ്മയെ കൊണ്ടുപോകാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്യും.”

അവൻ ഉറപ്പുനൽകി.

ജാനുവമ്മയെയും ശങ്കരൻകുട്ടിയെയും കാര്യങ്ങളൊക്കെ നോക്കാനേൽപ്പിച്ചു. പണത്തിന് ആവശ്യം വരുമ്പോഴൊക്കെ അറിയിക്കണം അമ്മേ എന്ന വാക്കും കൊടുത്തിട്ടാണ് അവൻ വീണ്ടും മടങ്ങിയത്.

ഒരു വർഷം ഉന്തിത്തള്ളി കഴിച്ചുകൂട്ടി. ഒടുവിൽ അവൻ തന്നെ കൊണ്ടുപോകാനായി വീണ്ടും എത്തി.

ജാനുവമ്മ ഉണ്ടാക്കിത്തന്ന അച്ചാറുകളും ചക്കപ്പപ്പടവുമൊക്കെ പ്രത്യേകം പാക്ക് ചെയ്തു. മരുമകൾക്ക് തേച്ചുകുളിക്കാനുള്ള കുഴമ്പുകൾ, ലേഹ്യങ്ങൾ, അരിഷ്ടങ്ങൾ... അങ്ങനെ എല്ലാംകൂടി ഒരു പെട്ടി നിറയെ സാധനങ്ങളുമായി യാത്രയായി. വീടിന്റെ താക്കോൽ ശങ്കരൻകുട്ടിയെയും ജാനുവമ്മയെയും ഏൽപ്പിച്ചിട്ടാണ് മകന്റെ കൂടെ പുറപ്പെട്ടത്.

വേഗം മടങ്ങണമെന്നായിരുന്നു മനസ്സിലെ പ്ലാൻ. ഏട്ടന്റെ അസ്ഥിത്തറയും ആ വീടും ഒന്നും ഉപേക്ഷിക്കാൻ തനിക്കാവില്ലല്ലോ. ഏട്ടന് വിളക്കുവെക്കുന്നതുപോലും പണ്ടേ വലിയ താൽപ്പര്യമില്ലായിരുന്നു. കുറച്ചുനാൾ മാത്രം മകനോടൊപ്പം കഴിഞ്ഞാൽ മതി. അവനു ജനിക്കാൻ പോകുന്ന കുഞ്ഞിനെ മനസ്സിൽ കണ്ടു. ഒരു ഓമനക്കുഞ്ഞുമോൾ!

മരുമകളുടെ പ്രസവം കഴിഞ്ഞു. കുഞ്ഞിനെ കണ്ടപ്പോൾ മനസ്സുനിറഞ്ഞു. തന്റെ പേരക്കിടാവിനെ ആദ്യം അവന്റെ അച്ഛന്റെ കൈകളിൽ കൊടുത്തതിനുശേഷം തന്റെ കൈകളിലേക്ക് ആ പൊന്നോമനയെ തന്നു.

തുടുത്ത വലിയ കണ്ണുകൾ, കറുത്ത ഇടതൂർന്ന മുടി, അവന്റെ മുത്തച്ഛനെപ്പോലെയുള്ള നെറ്റിത്തടം! രണ്ടു നാടുകളുടെ സംസ്കാരം ഒരുപോലെ ഉൾക്കൊള്ളാൻ വിധിക്കപ്പെട്ട എന്റെ കൊച്ചുമാലാഖ!

അന്നുമുതൽ അവളെ കാണാതെയും അവളുടെ കൊഞ്ചൽ കേൾക്കാതെയും ഉറങ്ങാൻ തനിക്ക് കഴിഞ്ഞിട്ടില്ല. മരുമകൾക്ക് ഇംഗ്ലീഷ് ഭാഷ മാത്രമേ അറിയുമായിരുന്നുള്ളൂ. എങ്കിലും വിഷ്ണു തന്റെ ഭാഷ അവൾക്ക് പരിഭാഷപ്പെടുത്തി കൊടുക്കാറുണ്ടായിരുന്നു.

ഞങ്ങളുടെ ഇടയിലെ ചിട്ടവട്ടങ്ങൾ ഏറെ വ്യത്യസ്തമായിരുന്നെങ്കിലും പരസ്പരമുള്ള സ്നേഹം അവയെയെല്ലാം അതിജീവിച്ചിരുന്നു.

കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടും നാട്ടിലേക്ക് മടങ്ങി. ജാനുവമ്മയുടെ മകൾ വന്നപ്പോൾ വീട്ടിലെ സഹായികളായിരുന്ന അവളുടെ അച്ഛനമ്മമാരെയും കൂട്ടിക്കൊണ്ടുപോയി. അങ്ങനെ വീണ്ടും താൻ ഒറ്റപ്പെട്ടു.

ഒടുവിൽ, തനിക്കും ഒരിടം തേടേണ്ടിവന്നു. അങ്ങനെയാണ് ഇവിടെയെത്തിയത്.

“ദേവൂമ്മേ... എണീക്കൂ.”

സഹായിപ്പെൺകുട്ടിയുടെ ശബ്ദം കേട്ട് ദേവു തിരിഞ്ഞുനോക്കി.

“വിളിച്ചപ്പോൾ വന്നല്ലോ. ഒന്നും കഴിച്ചതുമില്ല. പിന്നെയും ഇരുന്ന് സ്വപ്നം കാണുകയാണോ?”

“ഓ... ശരിയാണോ? വേണ്ട കുട്ടീ, ഇതെടുത്തോളൂ.”

“അമ്മയ്ക്ക് ഇന്ന് ഇതൊന്നും ഇറങ്ങില്ല കുട്ടീ.”

എണീറ്റ് കൈകഴുകി പതുക്കെ മുറിയിലേക്ക് നടന്നു. പകർന്നുവെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു.

വരാന്തയിൽ സൗമിനി ടീച്ചറും മറ്റൊരു ടീച്ചറും ഇരുന്ന് മക്കളുടെ ഗുണഗണങ്ങൾ പരസ്പരം വർണിക്കുകയാണ്. എല്ലാവർക്കും സ്വന്തം കുഞ്ഞുങ്ങൾ പൊന്നുകുഞ്ഞുങ്ങൾതന്നെ! മക്കൾ രണ്ടുപേരും ആൺതരികളായ അമ്മമാരുമുണ്ട്. രണ്ടുമൂന്ന് വർഷമായി മക്കൾ തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലാത്തവരും അക്കൂട്ടത്തിലുണ്ട്. പക്ഷേ പണം അയക്കുന്നതിൽ ആരും ഒരു മുടക്കവും വരുത്തിയിരുന്നില്ല.

മക്കളെക്കുറിച്ചുള്ള വിശേഷങ്ങൾ പരസ്പരം പങ്കുവെച്ച് അവരെല്ലാം ഇവിടെ കഴിയുന്നു. ഒന്നിലും അവർക്കൊരു പരാതിയുമില്ല.

മറ്റൊരു അന്തേവാസിയാണ് സുഗന്ധാംബ. ഒരുകാലത്ത് പ്രശസ്തയായിരുന്ന വക്കീലായിരുന്നു അവർ. ആരോടും അധികം സംസാരിക്കാത്ത, കർക്കശസ്വഭാവമുള്ള ഒരു സ്ത്രീ. എപ്പോഴും എല്ലാവരിൽനിന്നും അകലം പാലിക്കാനാണ് അവർക്കിഷ്ടം.

മകൾ സമ്മാനിച്ച ടേപ്പ് റെക്കോർഡറിൽ ഹിന്ദി, ഇംഗ്ലീഷ് പാട്ടുകൾ സദാസമയവും ആസ്വദിച്ചുകൊണ്ടിരിക്കുന്ന അവർ, പുതിയ തലമുറയും തന്നെ സ്വീകരിച്ചേക്കാമെന്ന പ്രതീക്ഷയോടെ ജീവിക്കുന്ന വ്യക്തിത്വമായിരുന്നു.

പാട്ടിന്റെ ഈണത്തിനനുസരിച്ച് കാലുകൾ താളമിട്ടുകൊണ്ട് സ്വപ്നലോകത്ത് വിഹരിക്കുന്നവൾ. ഒരു മോഹനാംഗി!

അവർക്കും പരാതികളില്ല. പക്ഷേ അവരുടെ സ്വകാര്യതയിൽ ആരും ഇടപെടുന്നത് ഇഷ്ടമല്ലെന്നുമാത്രം. മിക്കവാറും ആരെങ്കിലും എതിരേ നടന്നുവരുന്നതു കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കാൻപോലും അവർ പിശുക്കു കാണിക്കും.

എന്നിരുന്നാലും ഒരിക്കൽ തന്നോട് ചോദിച്ചു:

“ദേവീ, തനിക്ക് എത്ര വയസ്സായി?”

തന്റെ വയസ്സ് കേട്ടപ്പോൾ അവർ ഒന്ന് ഞെട്ടിയതുപോലെ തോന്നി. എന്നിട്ട് പറഞ്ഞു:

“നിന്റെ കൈകളും മുഖവുമൊക്കെ ഒരു കൊച്ചുകുട്ടിയുടേതുപോലെയാണല്ലോ! നീ സുന്ദരിയാണ്. ആരും മോഹിച്ചുപോകുന്ന സൗന്ദര്യം. നിന്നെയും ഈശ്വരൻ ഒറ്റപ്പെടുത്തിയല്ലോ!”

“നിന്നെക്കാൾ എട്ടുവയസ്സു കൂടുതലായിരിക്കും എനിക്ക്, ദേവീ.”

എനിക്കവരെ ഇഷ്ടമാണ്. എപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവൾ. മുടി ചീകാനും മുഖത്ത് ചായമിടാനും അവർ ഒരിക്കലും മറക്കാറില്ല. പണ്ടത്തെ രീതികളൊന്നും തെറ്റിക്കാതെ ഇന്നും അതെല്ലാം തുടർന്നുപോരുന്നു.

ഗർഭിണിയായപ്പോൾ ഉപേക്ഷിച്ചുപോയ പഞ്ചാബിക്കാരന്റെ മകളെ പഠിപ്പിച്ച് വളർത്തിയ മറ്റൊരു അമ്മ! സുഗന്ധാംബയുടെ കർക്കശമായ രീതികളോട് പൊരുത്തപ്പെടാൻ മടിച്ച മകളും ഭർത്താവും ഒടുവിൽ അവരെ ഇവിടെ ഉപേക്ഷിച്ചുപോയി.

ഒരുതരത്തിൽ എല്ലാവർക്കും ഇവിടം സ്വർഗംതന്നെയാണ്. പക്ഷേ, വേണ്ടപ്പെട്ടവരില്ലാതെ, ജനിപ്പിച്ച് വളർത്തി വലുതാക്കിയ മക്കളെ കാണാതെ കഴിയുന്ന ജീവിതം എല്ലാവരിലും വേദനയുണ്ടാക്കുന്നുണ്ടെന്ന് അവരുടെ മുഖങ്ങളിൽനിന്നുതന്നെ വായിച്ചറിയാം.

എവിടെയും തന്റെ മനസ്സ് നിൽക്കുന്നില്ലല്ലോ! അതങ്ങനെ കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരയെപ്പോലെ ശീഘ്രം പായുകയാണ്.

വേണ്ട, ഇനിയൊന്നും ഓർക്കേണ്ട. തന്റെ കുട്ടിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും വേണ്ടില്ല. അവന്റെ നന്മയാണ് തനിക്ക് പ്രധാനം.

ഈശ്വരാ, അവന് തുണയാകണേ! കാത്തുകൊള്ളണേ ഭഗവാനേ!

ഭഗവദ്ഗീത ഒരിക്കൽക്കൂടി തുറന്നുവെച്ച് മനസ്സ് ഏകാഗ്രമാക്കി വായന തുടർന്നു. ഇപ്പോൾ മനസ്സിന് ഒരിത്തിരി ആശ്വാസം തോന്നുന്നുണ്ട്. അതാണല്ലോ തനിക്കുവേണ്ടത്.

എവിടെയും മനസ്സ് ഉറയ്ക്കുന്നില്ല. ഒന്ന് കിടന്നാലോ? കിടക്കയൊന്ന് കുടഞ്ഞുവിരിച്ചു.

“ദേവൂമ്മേ...”

സഹായിപ്പെൺകുട്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. ഈ കുട്ടി സ്വൈര്യം തരില്ലല്ലോ!

“എന്തിനാ കുട്ടീ? എന്താണ് വേണ്ടത്?”

“ദേവൂമ്മേ, ഇങ്ങോട്ട് നോക്കിയേ... ആരാ വന്നേക്കുന്നതെന്ന്!”

“ആരാ? മനസ്സിലാകുന്നില്ലല്ലോ കുട്ടീ...”

കണ്ണുകൾ തിരുമി, ഊരിവെച്ച കണ്ണട എടുത്ത് കണ്ണിൽവെച്ചു.

“ഈശ്വരാ! ഇതാരിത്?”

“എന്താ മോനേ, നീ അറിയിക്കാതെ വന്നത്?”

കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

വിഷ്ണുവല്ലേ അത്! കുറച്ചുകൂടി തടിച്ചിരിക്കുന്നു. അവന്റെ കൈകളിൽ പൂച്ചക്കണ്ണുള്ള ഒരു കുട്ടി തെല്ലൊരു അതിശയത്തോടെ തന്നെ നോക്കുന്നുണ്ട്. അവന്റെ കൈപിടിച്ച് മറ്റൊരു ഓമനക്കുട്ടിയും!

ഇവളെയല്ലേ രണ്ടുവർഷം മുമ്പ് മനസ്സില്ലാമനസ്സോടെ താൻ വിട്ടുപോന്നത്? തന്റെ പേരക്കുട്ടി!

“ഹായ്, ഗ്രാൻഡ്മാ!”

എന്ന് വിളിച്ചുകൊണ്ട് ഓടിവന്നവൾ തന്നെ കെട്ടിപ്പിടിച്ചു. കൈകളിലുണ്ടായിരുന്ന റോസാപ്പൂക്കൾ തനിക്കുനേരെ നീട്ടി.

വിഷ്ണു മക്കളോട് എല്ലാം പറഞ്ഞുമനസ്സിലാക്കിയിട്ടുണ്ടാവണം. മറ്റേ കുഞ്ഞുമകൾ തന്നെ കണ്ടതും അവന്റെ തോളിലേക്ക് മെല്ലെ മുഖം ചേർത്തു.

മരുമകളെ കാണുന്നതിനായി കണ്ണുകൾ ചുറ്റും പരതി.

“മോനേ, എവിടെ നിന്റെ മദാമ്മക്കുട്ടി?”

അവൻ ഒന്നും പറയാതെ തന്റെ മാറിലേക്ക് ചാരിനിന്ന് പൊട്ടിക്കരഞ്ഞു.

“അമ്മേ... അവളില്ല. നമ്മളെ വിട്ടുപോയിരിക്കുന്നു.”

“എന്താ കുട്ടീ? നീ എന്താണീ പറയുന്നത്?”

“ഈ കുഞ്ഞുമോളെ അധികകാലം കാണാൻ അവൾക്ക് യോഗമുണ്ടായില്ല, അമ്മേ. അമ്മയെ അറിയിക്കാതെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് വരണമെന്ന് കരുതിയതായിരുന്നു. അതും സംഭവിച്ചു, അമ്മേ...”

തന്റെ കാലുകൾ ഇടറുന്നുവോ?

വീഴാതിരിക്കാൻ കട്ടിൽപ്പടിയിൽ ബലമായി പിടിച്ചു. തളരാനുള്ള സമയമല്ലിത്. അവന് ഇപ്പോൾ താനല്ലാതെ മറ്റൊരു തണലില്ലല്ലോ!

തന്റെ കുഞ്ഞിന് ഒരു തണലാകാൻ ഇനിയും കൈകൾക്ക് ബലം നേടേണ്ടിയിരിക്കുന്നു.

എങ്കിലും ഈശ്വരാ, വിധി എന്റെ കുഞ്ഞിനും ഇങ്ങനെയൊരു പരീക്ഷണം നൽകിയല്ലോ!

അവനെ തന്നോട് ചേർത്തുപിടിച്ച് മൂർധാവിൽ ചുംബിച്ചു.

ഇനിയുള്ള ജീവിതത്തിൽ അവനും കുഞ്ഞുങ്ങൾക്കും താനൊരു തണലാകണം. നഷ്ടപ്പെട്ട സ്നേഹത്തിന്റെ വേദനയിൽ തളർന്നുപോകാതെ അവരെ ചേർത്തുപിടിക്കണം.

മനസ്സിൽ ഒരു പ്രാർഥന മാത്രം:

ഈശ്വരാ, ഇനിയുള്ള കാലമെങ്കിലും എന്റെ മക്കൾക്ക് സന്തോഷവും സമാധാനവും നൽകണേ!

ശുഭം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

പ്രകൃതിയിലെ വിരുതന്‍ പെരുന്തച്ചന്‍

അനിമൽ എഞ്ചിനിയർ-- ബീവെർസ് കണ്ടാല്‍എലിയപോലെഎങ്കിലോ ,കഴിവിൽ  മികച്ചവൻ  ആരാണിവന്‍ എന്നല്ലേ യിപ്പോൾ ചിന്തിക്കുന്നത് ?എങ്കിൽ  സംശയം വേണ്ട ഇവന്...